2011, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

ചെലവ് കുറഞ്ഞ ക്യാന്‍സര്‍ മരുന്ന്


ചെലവ് കുറഞ്ഞ ക്യാന്‍സര്‍ മരുന്നു നിര്‍മ്മിക്കുവാനുള്ള മാര്‍ഗ്ഗവുമായി മലയാളി ശാസ്ത്രജ്ഞന്‍...

ക്യാന്‍സര്‍ രോഗത്തിനായി ഉപയോഗിക്കുന്ന ടാക്സോള്‍ എന്ന വില കൂടിയ മരുന്ന് പസഫിക്ക് യൂ എന്ന മരത്തിന്റെ തൊലിയില്‍ നിന്നാണ് എടുക്കുന്നത്. ഒരു രോഗിയെ ചികിത്സിക്കുവാന്‍ ഏകദേശം നാല് മരങ്ങളില്‍ നിന്നുള്ള തൊലിയെങ്കിലും ആവശ്യമായതിനാല്‍ ഒരു ഡോസിന് പതിനായിരം ഡോളറോളം വിലയാണുള്ളത്. എന്നാല്‍ ഇ-കോളൈ എന്ന ബാക്റ്റീരിയയില്‍ ജനിതക മാറ്റങ്ങള്‍ വരുത്തിയാല്‍ ഈ മരുന്ന് എളുപ്പത്തില്‍ നിര്‍മ്മിക്കാം എന്ന് എം.ഐ.റ്റി.യിലെ ശാസ്ത്രജ്ഞനായ മലയാളി കൂടിയായ ഡോ. അജികുമാറും സംഘവും തെളിയിച്ചിരിക്കുന്നു. ഇത് വഴി ഈ മരുന്നിന്റെ വില കുത്തനെ കുറയ്ക്കാം. ഒക്ടോബര്‍ 1 ന്‍ ഇറങ്ങിയ സയന്‍സ് മാസികയില്‍ ഈ കണ്ട് പിടുത്തം അച്ചടിച്ച് വന്നിരിക്കുന്നു.

മരത്തില്‍ നിന്നുള്ള രണ്ട് ജീനുകള്‍ ഇകോളയില്‍ ചേര്‍ത്തപ്പോള്‍ ടാക്സോള്‍ നിര്‍മ്മിക്കുവാന്‍ ആവശ്യമായ ടാക്സിഡീന്റെ ഉല്‍പ്പാദനം 1000 മടങ്ങായിട്ട് വര്‍ദ്ധിപ്പിക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞു.  

ലേഖനത്തിന്റെ മുഖ്യ രചിയതാവായ ഡോ. അജികുമാറിന്റെ അഭിപ്രായത്തില്‍ ഈ കണ്ട് പിടുത്തം ടാക്സോള്‍ എന്ന മരുന്നിന്റെ വില കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല അള്‍ഷമേഴ്സ്, രക്ത സമ്മര്‍ദ്ധം തുടങ്ങിയവയ്ക്കുള്ള മരുന്നുകളും ഈ രീതിയില്‍ ഉണ്ടാക്കിയെടുക്കുവാന്‍ കഴിയുക വഴി ഈ രോഗങ്ങള്‍ക്കുള്ള ചികിത്സാ ചെലവ് കുത്തനെ കുറയും.

“പ്രകൃതിയെ അനുകരിക്കുക വഴി മരങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കള്‍ ബാക്റ്റീരിയകളുടെ ജനിതക മാറ്റത്തിലൂടെ നമുക്ക് ലാബുകളില്‍ ഉണ്ടാക്കിയെടുക്കുവാന്‍ കഴിയും എന്നതിനാല്‍ ആരോഗ്യ മേഖലയില്‍ വലിയൊരു കുതിച്ച് ചാട്ടമായിരിക്കും ഇനി കാണുവാന്‍ കഴിയുക” എന്ന് ഡോ. അജികുമാര്‍ അഭിപ്രായപ്പെടുന്നു.

ടാക്സോള്‍ എന്ന മരുന്നിലേയ്ക്ക് എത്തുവാന്‍ ഇനിയും പതിഞ്ചോളം പാതകള്‍ പിന്നിടേണ്ടതുണ്ടെങ്കിലും ഇത് പോലെ ബാക്റ്റീരിയകളില്‍ ജനിതക മാറ്റം വരുത്തുന്നതിലൂടെ മരുന്നുകള്‍ മാത്രമല്ല സൌന്ദര്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും, എസ്സെന്‍സുകളും മറ്റും ചെലവ് കുറച്ചും എളുപ്പത്തിലും ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയും എന്നതിനാല്‍ ഈ കണ്ടു പിടുത്തം ശാസ്ത്ര ലോകത്തിന് ഒരു നാഴിക കല്ലാണ്. 

ഇതിന് തുടക്കം കുറിച്ച ഡോ. അജികുമാര്‍ എം.ജി.യൂണിവേഴ്സിറ്റിയില്‍ നിന്നും പി.എച്ച്.ഡി. എടുത്തതിന് ശേഷം ഇപ്പോള്‍ അമേരിക്കയിലെ എം.ഐ.റ്റി.യില്‍ ഡോ.സ്റ്റെഫാനോപോളസിന്റെ നേതൃത്വത്തില്‍ ഉപരിഗവേഷണം നടത്തുകയാണ്. ഈ കണ്ട് പിടുത്തം പേറ്റന്റിന്‍ സമര്‍പ്പിച്ചിരിക്കുന്ന ഇവര്‍ ഈ മരുന്ന് ഉല്‍പ്പാദിപ്പിക്കുവാനുള്ള പുതിയ ഒരു കമ്പനി തുടങ്ങുവാനുള്ള ഒരുക്കത്തിലാണ‍.

അഭിപ്രായങ്ങളൊന്നുമില്ല: